ലോക രാജ്യങ്ങളിലെ സമാധാന നില അടയാളപ്പെടുത്തുന്ന ഗ്ലോബല്‍ പീസ് ഇന്‍ഡെക്‌സിന്റെ (Global Peace Index 2023) ഏറ്റവും പുതിയ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2023ലെ സമാധാന സൂചിക പ്രകാരം ഐസ് ലന്‍ഡ് ആണ് ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യം. ഇതില്‍ പുതുമയില്ല. 2008 മുതല്‍ ഐസ്‌ലന്‍ഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലോക ജനസംഖ്യയുടെ 99.7 ശതമാനവും വസിക്കുന്ന 163 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് വിപുലമായ സമാധാന സര്‍വെ നടത്തിയത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണൊമിക്‌സ് ആന്റ് പീസ് (IEP) ആണ് ആഗോള സമാധാന സൂചിക തയാറാക്കുന്നത്. രാജ്യത്തെ സാമൂഹിക സുരക്ഷയും സുരക്ഷിതത്വവും, ആഭ്യന്തരവും അന്തര്‍ദേശീയവുമായ സംഘര്‍ഷം, സൈനികവല്‍ക്കരണം എന്നീ മൂന്ന് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഏറ്റവും വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സമാധാന സൂചിക തയാറാക്കുന്നത്.
ഏറ്റവും പുതിയ സമാധാന സൂചിക പറയുന്നത് ആഗോള തലത്തില്‍ സമാധാനം 0.42 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ്. 84 രാജ്യങ്ങള്‍ സമാധാനനില മെച്ചപ്പെടുത്തിയപ്പോള്‍ 79 രാജ്യങ്ങളില്‍ 2022ല്‍ സമാധാനം കുറഞ്ഞു. ഐസ് ലന്‍ഡിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് ഡെന്‍മാര്‍ക്കാണ്. അയര്‍ലന്‍ഡ്, ന്യൂ സീലന്‍ഡ്, ഓസ്ട്രിയ, സിംഗപൂര്‍, പോര്‍ചുഗല്‍, സ്ലോവേന്യ, ജപാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യ പത്തു സ്ഥാനങ്ങളില്‍.
ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം അഫ്ഗാനിസ്ഥാന്‍ ആണ്. യമന്‍, സിറിയ, സൗത്ത് സുഡാന്‍, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ എന്നിവയാണ് പട്ടികയില്‍ ഏറ്റവും അവസാനത്തെ അഞ്ചു രാജ്യങ്ങള്‍. സമാധാന സൂചികയില്‍ 126 ആണ് ഇന്ത്യയുടെ സ്ഥാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ സമാധാന നില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് റിപോര്‍ട്ട് പറയുന്നു. എന്നാല്‍ അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍ (17), മാലദ്വീപ് (23), നേപാള്‍ (79), ചൈന (80), ബംഗ്ലദേശ് (88), ശ്രീ ലങ്ക (107) എന്നീ രാജ്യങ്ങളേക്കാള്‍ വളരെ പിന്നില്‍ തന്നെയാണ്. അയല്‍ രാജ്യങ്ങളില്‍ പാക്കിസ്ഥാനും (146) മ്യാന്‍മറും (139) മാത്രമാണ് ഇന്ത്യയ്ക്കു പിന്നിലുള്ളത്.