ശ്രീനഗർ. ലോകത്തിലെ ഏറ്റവും നീളമേറിയ ഹിമാനി, ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി, മൈനസ് 50 ഡിഗ്രി വരെ താഴുന്ന കാലാവസ്ഥ, മഞ്ഞിലാണ്ടു കിടക്കുന്ന ഭൂമി തുടങ്ങി ഒട്ടേറെ സവിശേഷതകളുള്ള മഞ്ഞുമലയാണ് ലഡാക്കിലെ സിയാചിന്‍ ഹിമാനി (Siachen Glacier). ഇന്ത്യാ-പാകിസ്ഥാന് അതിര്‍ത്തി മേഖലയായി ഈ പ്രദേശം തന്ത്രപ്രധാന സൈനിക പ്രദേശമായതിനാല്‍ തന്നെ സാധാരണ ടൂറിസ്റ്റുകള്‍ക്ക് അപ്രാപ്യമായിരുന്നു. കർശന നിയന്ത്രണങ്ങളോടെയായിരുന്നു പലപ്പോഴും പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്കാരായ വിനോദ സഞ്ചാരികള്‍ക്ക് ഈ സവിശേഷ ഭൂമിയിലെത്താന്‍ വഴിതുറക്കുകയാണ് ലഡാക്ക് ടൂറിസം വകുപ്പ്. പ്രത്യേക അനുമതി ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് സിയാചിന്‍ ബേസ് ക്യാമ്പിനടുത്തു വരെ എത്താമെന്ന് വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. അധികൃതരുടെ അനുമതിയോ എന്‍ഒസിയോ വേണ്ടതില്ലെങ്കിലും ജില്ലാ ഭരണകൂടം സഞ്ചാരികളില്‍ നിന്ന് പ്രത്യേക പരിസ്ഥിതി ഫീസ് ഇടാക്കും.
Also Read ലഡാക്കിലേക്ക് വരുന്നവർ അറിയാൻ
ഈ മേഖല പൂര്‍ണമായും ഇന്ത്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. വർഷത്തിലൊരിക്കൽ ഇന്ത്യൻ സൈന്യം സാഹസിക പ്രേമികൾക്കായി എല്ലാ വർഷവും 10 ദിവസത്തെ സിയാചിൻ ഗ്ലാസിയർ ട്രക്ക് (Siachen Glacier Trek) സംഘടിപ്പിക്കാറുണ്ട്. ഓഗസ്റ്റിലോ സെപ്തംബറിലോ ആണ് ഇത് സിവിലിയൻമാർക്കു വേണ്ടി സംഘടിപ്പിച്ചു വരുന്നത്. ചില വർഷങ്ങളിൽ ഉണ്ടാകാറില്ല. ഇവിടേക്കുള്ള ടൂറിസ്റ്റുകളുടെ പ്രവേശനം മേഖലയിലെ സൈനിക സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും.
ഹിമാലയത്തിന്റെ കിഴക്കന്‍ കറകോറം മലനിരകളിലെ സിയാചിന്‍ ഹിമാനിയുടെ അടിവാരത്തിലാണ് സിയാചിന്‍ ബേസ് ക്യാമ്പ്. സമുദ്ര നിരപ്പില്‍ നിന്ന് 12000 അടി മുതല്‍ 15000 അടിവരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ബേസ് ക്യാമ്പിനപ്പുറത്തേക്ക് ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമില്ല. സിയാചിന്‍ മേഖലയിലെ പോരാട്ടങ്ങളില്‍ വീരമൃത്യൂവരിച്ച സൈനികര്‍ക്കുള്ള ആദരസൂചകം കൂടിയാണ് ഈ ബേസ് ക്യാമ്പ്. ഇന്തോ-പാക് നിയന്ത്രണരേഖയ്ക്ക് കിഴക്കായാണ് സിയാചിൻ നിലകൊള്ളുന്നത്. എഴുപത് കിലോമീറ്റർ നീളമുള്ള സിയാചിൻ ഹിമാനി ധ്രുവേതര മേഖലയിൽ ലോകത്തിൽ രണ്ടാമത്തെ ഹിമാനിയാണ്. സമുദ്രനിരപ്പിൽ നിന്ന് 18,875 അടി (5753 മീറ്റർ) ഉയരത്തിലാണ് കിടപ്പ്.