തിരുവനന്തപുരം. ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ചില്ലു പാലം (Glass Bridge) നിർമിക്കുന്നു. 2022 നവംബറിൽ ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തിരുന്നു. രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായാണ് ചില്ലു പാലം നിർമിക്കുന്നത്. 70 അടി ഉയരത്തിൽ 36 മീറ്റർ നീളത്തിലാണ് പാലം. ഒരേസമയം 20 പേർക്ക് കയറാനാകും. ഒക്ടോബർ അവസാനത്തോടെ ഗ്ലാസ് ബ്രിജ് സന്ദർശകർക്കായി തുറന്നു നൽകാനാകുമെന്നാണ് പ്രതീക്ഷ. ടൂറിസ്റ്റ് വില്ലേജിൽ എത്തുന്ന സന്ദർശകരുടെ വളർത്തുമൃഗങ്ങൾക്കായി പെറ്റ്‌സ് പാർക്കും ഉടൻ തയ്യാറാകും. മൃഗഡോക്ടറുടെ സേവനവും ലഭിക്കും.
ഇപ്പോൾ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലേജ് ഒന്നേകാൽ ലക്ഷത്തോളം സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം നേടുകയും ചെയ്തിട്ടുണ്ട്. ഗ്ലാസ് ബ്രിഡ്ജിനൊപ്പം ടോയ് ട്രെയിൻ സർവീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്സ് പാർക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കുന്നുണ്ട്.
Also Read സാഹസികതയുടെ പുത്തൻ അനുഭവങ്ങളുമായി ആക്കുളം ടൂറിസ്റ്റ് വില്ലേജ്
തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (DTPC) യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എൻ്റർപ്രണേർസ് കോഓപറേറ്റീവ് സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും.