ആലപ്പുഴയിൽ സോളാര്‍ ഇലക്ട്രിക് ബോട്ടുകളെത്തുന്നു

ആലപ്പുഴ. ആലപ്പുഴയിൽ 15 സോളാര്‍ ഇലക്ട്രിക് ബോട്ടുകളെത്തുന്നു. ജലഗതാഗത വകുപ്പിന്റെ 50 ശതമാനം ബോട്ടുകളും സോളാറാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലും പുതിയ ബോട്ടുകളെത്തുന്നത്. ആദ്യ ബോട്ട് ജൂലൈ ആദ്യവാരം ഓടിത്തുടങ്ങുമെന്നാണ് വിവരം. 30, 75, 100 വീതം യാത്രക്കാരെ കയറ്റാവുന്ന ബോട്ടുകളാണ് എത്തുന്നത്. വൈക്കം-തവണക്കടവ് റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയ സോളാര്‍ ഇലക്ട്രിക് ബോട്ട് വിജയമായിരുന്നു. ഫൈബറില്‍ നിര്‍മിക്കുന്ന ഒരു കറ്റാമറൈന് 2.5 കോടി രൂപയാണ് നിര്‍മാണച്ചെലവ്.

ജൂലൈ ആദ്യം എത്തുന്ന ബോട്ടില്‍ 30 പേര്‍ക്ക് യാത്ര ചെയ്യാനാകും. മുഹമ്മ- മണിയാംപറമ്പ് റൂട്ടിലാകും പുതിയ ബോട്ട് സര്‍വീസ് നടത്തുക. നിലവില്‍ ഈ റൂട്ടില്‍ ജലഗതാഗത വകുപ്പിന്റെ സര്‍വീസ് കുറവാണ്. ഫൈബര്‍ നിര്‍മിതമായതിനാല്‍ കറ്റാമറൈനുകള്‍ക്ക് ഭാരം കുറവാണ്. പട്ടണക്കാട്, പാണാവള്ളി യാര്‍ഡുകളിലാണ് ബോട്ടുകളുടെ നിര്‍മാണം നടക്കുന്നത്.

രാജ്യത്തെ ആദ്യ സോളാര്‍ ബോട്ടായ ആദിത്യയും ജലഗതാഗത വകുപ്പാണ് പുറത്തിറക്കിയത്. ഈ ബോട്ടിന് രണ്ട് വര്‍ഷം കൊണ്ട് 58,450 ലീറ്റര്‍ ഡീസൽ ഉപയോഗം ഒഴിവാക്കാനായി. ഇതിലൂടെ 41 ലക്ഷം രൂപയാണ് ലാഭിച്ചത്. വൈക്കം – തവണക്കടവ് റൂട്ടിലാണ് ആദിത്യ സര്‍വീസ് നടത്തുന്നത്.

സാധാരണ യാത്രാബോട്ടുകള്‍ ഒരു ദിവസം 13 മണിക്കൂര്‍ സര്‍വീസ് നടത്താന്‍ 10,000 രൂപയുടെ ഡീസല്‍ ആവശ്യമാണ്. ഏകദേശം 120 ലീറ്റര്‍ ഡീസല്‍ ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ സൗരോർജത്തിലേക്ക് മാറുന്നതോടെ 350 രൂപ മാത്രമാണു ചെലവ് വരുന്നത്.

Also Read സീ അഷ്ടമുടി: കുറഞ്ഞ ചെലവിൽ 5 മണിക്കൂർ ജലയാത്ര

നിലവില്‍ ജലഗതാഗത വകുപ്പിന്റെ മിക്ക ബോട്ടുകളും നഷ്ടത്തിലാണ് ഓടുന്നത്. ഇന്ധനച്ചെലവിനുള്ള തുക പോലും പലതിനും ലഭിക്കുന്നില്ല. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് സര്‍വീസ് നടത്തുന്ന സീ കുട്ടനാട്, വേഗ ബോട്ടുകളാണ് ലാഭത്തിലോടുന്നവ. ഇരട്ട എന്‍ജിനുള്ള ബോട്ട് യാത്രക്കാര്‍ക്ക് സുരക്ഷിതത്വവും സമയലാഭവും ലക്ഷ്യമാക്കി ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ചതാണ് രണ്ട് എന്‍ജിനുള്ള കറ്റാമറൈന്‍ യാത്രാബോട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed