പ്രേത ഭവനങ്ങളിലേക്കും ടൂർ! ഹോണ്ടഡ് ഹെരിറ്റേജ് വാക്കുമായി ദൽഹി ടൂറിസം

ന്യൂദൽഹി. പ്രേതങ്ങളെ തേടി അലയുന്ന മനുഷ്യർക്ക് മികച്ചൊരു ടൂർ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ദൽഹി സർക്കാർ വിനോദ സഞ്ചാര വകുപ്പ്. ദൽഹിയിൽ വിവിധയിടങ്ങളിലെ പുരാതന കോട്ടകളിലും മറ്റും പ്രേതഭവനങ്ങൾ കണക്കെ വിജനമായി കിടക്കുന്ന ഇടങ്ങളിലേക്കാണ് ‘ഹോണ്ടഡ് ഹെറിറ്റേജ് വാക്ക്’ (Haunted Heritage Walk) എന്ന പേരിട്ടിരിക്കുന്ന ഈ സവിശേഷ ടൂർ. ദൽഹി നഗരമധ്യത്തിലെ സംരക്ഷിത വനമായ ചാണക്യപുരിയിലെ ദില്ലി റിഡ്ജിനുള്ളിലെ മൽച്ച മഹൽ എന്ന പ്രേതഭവനത്തിലേക്ക് മേയ് ആറിനായിരുന്നു ആദ്യ ഹോണ്ടഡ് ഹെരിറ്റേജ് വാക്ക്. കാട്ടിനുള്ളിൽ സുൽത്താൻ ഫിറോസ് ഷാ തുഗ്ലക്ക് പണികഴിപ്പിച്ച ഒരു വേട്ട കേന്ദ്രമായിരുന്നു ഇത്. ഇത്തരം ഗൈഡഡ് ടൂറുകളിൽ താൽപര്യമറിയിച്ച് ഏറെ പേർ രംഗത്തു വന്നതാണ് ഈ പദ്ധതി അവതരിപ്പിക്കാൻ പ്രേരണയായതെന്ന് ദൽഹി ടൂറിസം വകുപ്പ് പറയുന്നു.

ദല്‍ഹി ഗേറ്റിനടുത്തുള്ള ഫിറോസ്ഷാ കോട്‌ല, ഭുലി ഭട്ടിയാരി കാ മഹല്‍, തുഗ്ലക്കാബാദ് കോട്ട എന്നിവിടങ്ങളിലേക്കാണ് അടുത്ത ഹോണ്ടഡ് ഹെരിറ്റേജ് വാക്കുകൾ. നിഗൂഢമായ ചരിത്രങ്ങളുള്ള പുരാതന കാല ചരിത്ര നിർമിതികളാണിവയെല്ലാം. ഈ പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന മറ്റിടങ്ങൾ കൂടി പരിശോധിച്ചു വരികയാണ് ടൂറിസം വകുപ്പ്. ഈ പദ്ധതിയിലൂടെ നഗരത്തിന്റെ പൈതൃകം, കല, വാസ്തുശിൽപ വൈവിധ്യം, ഭക്ഷണ വൈവിധ്യം, സംസ്കാരം തുടങ്ങിവ വിനോദ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ടൂറിസം വകുപ്പ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed