കൊച്ചി. 40ാമത് കൊച്ചിന് ഫ്ളവര്‍ ഷോ (Cochin Flower Show) ഇന്നു മുതല്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ ആരംഭിക്കും. കേരളത്തിലെ ഏറ്റവും വലിയ പുഷ്പമേളയാണിത്. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി 75 അടി ഉയരമുള്ള കൂറ്റന്‍ ക്രിസ്മസ് ട്രീയും 5000 ചതുരശ്ര അടിയില്‍ തയാറാക്കിയ പുഷ്പാലങ്കാരവും വെജിറ്റബിള്‍ കാര്വിങുമാണ് പുഷ്പ മേളയുടെ പ്രധാന ആകര്ഷണങ്ങള്. പല തട്ടുകളായി തയാറാക്കിയ ട്രീ നൃത്തവും ചെയ്യും. ജില്ലാ ഹോട്ടികള്‍ചര്‍ സൊസൈറ്റിയും ഗ്രേറ്റര്‍ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ)യും ചേര്‍ന്നാണ് പുഷ്പ മേള ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കായി ഡിസംബർ 29ന് ഫ്ലവർ പ്രിൻസ്, ഫ്ലവർ പ്രിൻസസ് മത്സരവും നടക്കും. പാഴ് വസ്തുക്കളുടെ പുനരുപയോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ വിദ്യാർത്ഥികളുടെ ഇൻസ്റ്റലേഷനുകൾ എന്നിവയുമുണ്ടാകും.
38000 ചതുരശ്ര അടിയിലാണ് വൈവിധ്യമാര്‍ന്ന പുഷ്പാലങ്കാരങ്ങള്‍ തയാറാക്കിയിരിക്കുന്നത്. പുഷ്പ്പിച്ചു നില്ക്കുന്ന 5000 ഓര്‍ക്കിഡുകളും, ആറു നിറങ്ങളിൽ പൂവിട്ടു നിൽക്കുന്ന ആയിരം ലിലി ചെടികളും ഇതിലുള്‍പ്പെടും. ബോണ്‍സായ് ചെടികള്‍, ഇന്‍ഡോര്‍ ചെടികള്‍, നാഗാര്‍ജുന ആയുര്‍വേദ തയാറാക്കിയ ഔഷധോദ്യാനം തുടങ്ങി സന്ദര്‍ശകര്‍ക്കായി ഒട്ടേറെ പുഷ്പ കാഴ്ചകള്‍ ഇവിടെയുണ്ട്. ജനുവരി ഒന്നിന് പ്രദര്‍ശനം അവസാനിക്കും.
മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. രാവിലെ 9 മണി മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം.